ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
1789-ല്‍ ടിപ്പുവിന്റെ പടയോട്ടക്കാലത്ത് വടക്കേമലബാറിലെ മൂഷികവംശത്തില്‍പ്പെട്ട ഉദയമംഗലത്ത് മീത്തിലെ കോവിലകത്തു നിന്നും വന്നവര്‍ നെടുമ്പ്രത്തു താമസിക്കുകയും പിന്നീടവര്‍ തിരുവല്ലഭാ ശ്രീവല്ലഭ ക്ഷേത്രത്തിനടുത്ത് സ്ഥലം വാങ്ങി നെടുമ്പ്രത്തു കൊട്ടാരം നിര്‍മ്മിച്ച് താമസിക്കുകയും ചെയ്തു. ഇപ്പോള്‍ നെടുമ്പ്രത്തുകൊട്ടാരം എന്നറിയപ്പെടുന്ന തിരുവല്ലയിലെ കൊട്ടാരത്തിന്റെ ഉത്ഭവം മേല്‍പ്പറഞ്ഞ പ്രകാരമാണെന്ന് പറയപ്പെടുന്നു. 1875-ല്‍(കൊല്ലവര്‍ഷം 900-നോടടുത്ത്) മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് രാമയ്യന്‍ ദളവായുമൊത്ത് വൈക്കത്തില്ലത്തില്‍ രഹസ്യമായി വരികയും പള്ളിയറത്തളത്തില്‍ ഒളിച്ചുതാമസിക്കുകയും ചെയ്തത്രെ. മഹാരാജാവിന്റെ തേവാരബിംബങ്ങള്‍ വച്ചുപൂജിച്ച സ്ഥാനത്താണ് പിന്നീട് പള്ളിയറത്തളക്ഷേത്രം പണി ചെയ്തത്. മഹാരാജാവിന്റെ തേവാരപൂജകള്‍ നടത്തിയിരുന്നത് നെടുമ്പ്രത്ത് നമ്പൂതിരിയായിരുന്നു. ഈ ക്ഷേത്രത്തിലെ അരിജീവിതശാന്തിയുടമ എന്നത് നെടുമ്പ്രത്തുനമ്പൂതിരിക്ക് മഹാരാജാവ് കല്പിച്ചുനല്‍കിയതാണ്. മധ്യതിരുവിതാംകൂറിലുള്‍പ്പെട്ടതും അപ്പര്‍കുട്ടനാട് പ്രദേശവുമായ നെടുമ്പ്രം ഗ്രാമം നെടുമ്പ്രത്തു കൊട്ടാരവുമായും, അവയുമായി ബന്ധപ്പെട്ട കുടുംബങ്ങള്‍ മുഖേനയും തിരുവിതാംകൂറില്‍ പ്രസിദ്ധമാണ്. നീളം കൂടിയതും വീതി കുറഞ്ഞതുമായ ഒരു പ്രദേശമായതിനാലാവാം നെടുംപുറം എന്ന പേര് ഈ ദേശത്തിനുണ്ടായതെന്നു കരുതപ്പെടുന്നു. കേരള സംസ്ഥാന രൂപീകരണസമയത്ത് നെടുമ്പ്രം കൊല്ലംജില്ലയിലും, ആലപ്പുഴ ജില്ല രൂപംകൊണ്ടപ്പോള്‍ ആലപ്പുഴ ജില്ലയിലുമായിരുന്നു. 1983 ജൂലൈ 1-നു പത്തനംതിട്ട ജില്ലാരൂപീകരണത്തോടെ നെടുമ്പ്രംപഞ്ചായത്ത് ജില്ലയുടെ പടിഞ്ഞാറെ അതിരായി. പഞ്ചായത്തിന്റെ കിഴക്കും തെക്കും പടിഞ്ഞാറും ഭാഗത്തുകൂടി മണിമലയാറൊഴുകുന്നു. പമ്പാനദിയുടെ കൈവഴി ഈ പഞ്ചായത്തില്‍ വച്ച് മണിമലയാറുമായി കൂടിച്ചേര്‍ന്നാഴുകുന്നു. സ്വാതന്ത്ര്യലബ്ധിക്കു മുന്‍പ് നെടുമ്പ്രമുള്‍ക്കൊള്ളുന്ന പ്രദേശം പെരിങ്ങര വില്ലേജുയൂണിയനില്‍പ്പെട്ടിരുന്നു. മഹത്തായ ഒരു സാംസ്ക്കാരികപാരമ്പര്യം ഈ നാടിനുണ്ട്. സാഹിത്യത്തിനും കലകള്‍ക്കും വിലയേറിയ സംഭാവനകള്‍ നല്‍കിയ പല മഹത്‌വ്യക്തികളെയും സംഭാവന ചെയ്യാന്‍ ഈ നാടിന് കഴിഞ്ഞിട്ടുണ്ട്. കാട്ടേഴുത്ത് പി.ഗോപാലപിള്ള പത്രപ്രവര്‍ത്തകന്‍ എന്ന നിലയിലും സാഹിത്യകാരന്‍ എന്ന നിലയിലും പ്രശസ്തി നേടിയ വ്യക്തിയായിരുന്നു. നാടകങ്ങള്‍, നോവലുകള്‍, നിഘണ്ടുക്കള്‍ എന്നിവ രചിച്ച് സാഹിത്യരംഗത്ത് പ്രശസ്തി നേടിയ അദ്ദേഹം സഹകരണരംഗത്തും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രസിദ്ധ കവിയും ചിന്തകനും അധ്യാപകനും സാംസ്ക്കാരിക നായകനുമായ പ്രൊഫ.ജി.കുമാരപിള്ള ഈ നാടിന്റെ അഭിമാനമാണ്. കേരള സാഹിത്യ അക്കാദമിയുടെ വൈദിക സാഹിത്യത്തിനുള്ള 1994-ലെ അവാര്‍ഡ് ലഭിച്ച കെ.ആര്‍.പണിക്കര്‍ ആധ്യാത്മികവിഷയങ്ങളെക്കുറിച്ച് ധാരാളം ലേഖനങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. വാനശാസ്ത്രത്തില്‍ ധാരാളം ഗ്രന്ഥങ്ങള്‍ എഴുതി ബാലസാഹിത്യശാഖയില്‍ സാഹിത്യഅക്കാഡമി പുരസ്ക്കാരം നേടിയ സി.എസ്.നായരും യുവബാലസാഹിത്യകാരനായ വൈകുണ്ഠം ഗോപിനാഥും ഈ പഞ്ചായത്തില്‍പ്പെട്ടവരാണ്. തികഞ്ഞ ഗാന്ധിയനും നാടകകൃത്തും പ്രഭാഷകനുമായിരുന്ന ആര്‍.പി.ശങ്കരമംഗലം സ്വാതന്ത്ര്യസമരസേനാനിയായിരുന്നു. പായിക്കാട്ട് മാധവന്‍പിള്ളയാശാന്‍, വാസുപിള്ള എന്നിവര്‍ കഥകളിരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചവരാണ്. ഇന്ന് ഏതാണ്ട് അഖിലേന്ത്യാപ്രശസ്തി നേടിയിട്ടുള്ള നീരേറ്റുപുറം വളളംകളി (പമ്പാ ബോട്ട് റേസ്) ഈ പഞ്ചായത്തിലാണ് നടക്കുന്നത്. ചര്‍ച്ച് മിഷന്‍ സൊസൈറ്റിയുടെ ആദ്യകാല പ്രവര്‍ത്തനകേന്ദ്രമായിരുന്നു നെടുമ്പ്രം. കല്ലുങ്കല്‍ അവര്‍ സ്ഥാപിച്ച സി.എം.എസ് സ്കൂള്‍ ഇന്ന് പള്ളിയായി രൂപാന്തരപ്പെട്ടിരിക്കുന്നു. നെടുമ്പ്രം പടിഞ്ഞാറേക്കരയിലുള്ള സി.എം.എസ്.എല്‍.പി.സ്കൂള്‍, സ്കൂളായും പള്ളിയായും പ്രവര്‍ത്തിച്ചുവരുന്നു. കൊല്ലവര്‍ഷം 1103-ല്‍ റീജന്റായിരുന്ന റാണിലക്ഷ്മിഭായിയുടെ പ്രത്യേക ഉത്തരവ് ലഭിച്ചതിന്‍പ്രകാരം കല്ലുങ്കല്‍ കിഴക്കും പടിഞ്ഞാറുമായി സ്ഥാപിച്ച രണ്ട് പള്ളികളാണ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ചര്‍ച്ചും സെന്റ് ഇഗ്നേഷ്യസ് ഓര്‍ത്തഡോക്സ് ചര്‍ച്ചും